Sunday, December 14, 2014

Trikarpur History

കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ് താലൂക്കില്‍ നീലേശ്വരം ബ്ളോക്കില്‍ തൃക്കരിപ്പൂര്‍ സൌത്ത്, തൃക്കരിപ്പൂര്‍ നോര്‍ത്ത് എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത്. 23.31 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക്: പിലിക്കോട്, പടന്ന പഞ്ചായത്തുകളും, കണ്ണൂര്‍ ജില്ലയിലെ കരിവെള്ളൂര്‍ പെരളം പഞ്ചായത്തും, തെക്ക്: കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയും, കിഴക്ക്: കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയും കരിവെള്ളൂര്‍ പെരളം പഞ്ചായത്തും, പടിഞ്ഞാറ്: വലിയപറമ്പ, പടന്ന പഞ്ചായത്തുകളുമാണ്. കാസര്‍ഗോഡ് ജില്ലയുടെ തെക്കെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന തൃക്കരിപ്പൂര്‍ പഞ്ചായത്ത്, കാര്‍ഷിക മേഖലയില്‍ നോര്‍തേണ്‍-മിഡ്ലാന്റ് സോണില്‍പ്പെടുന്നു. ഭൂമിശാസ്ത്രപരമായി പൂര്‍ണ്ണമായും തീരപ്രദേശത്തിലുള്‍പ്പെടുന്ന പ്രദേശമാണ് തൃക്കരിപ്പൂര്‍.
 കേരളപ്പിറവിക്കുമുമ്പെ പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന തെക്കന്‍ കര്‍ണ്ണാടക ജില്ലയുടെ തെക്കെ അതിര്‍ത്തി ഗ്രാമങ്ങളായിരുന്ന വടക്കെ തൃക്കരിപ്പൂരും, തെക്കെ തൃക്കരിപ്പൂരിന്റെ ഭൂരിഭാഗങ്ങളും ചേര്‍ന്നാണ് ഇന്നത്തെ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് രൂപം കൊണ്ടത്. ഇനിയും ചരിത്രത്തില്‍ പുറകോട്ട് പോയാല്‍, പഴയ നിലേശ്വരം രാജവംശത്തിന്റെ തെക്കേയറ്റത്തെ ഗ്രാമങ്ങളായിരുന്നു ഇവയെന്ന് കാണാം. പടിഞ്ഞാറ് ആയിറ്റിപ്പുഴ, കിഴക്ക് പാടിയില്‍ പുഴ, കുണിയന്‍തോട്, തെക്ക് കവ്വായിപ്പുഴ വടക്ക് പിലിക്കോട്, പടന്ന പഞ്ചായത്തുകള്‍ എന്നിവ അതിര്‍ത്തിയായുളള വടക്കെ തൃക്കരിപ്പൂര്‍ ഗ്രാമവും  തെക്കെ തൃക്കരിപ്പൂര്‍ ഗ്രാമത്തിന്റെ ഭൂരിഭാഗവും ഉള്‍ക്കൊളളുന്ന തൃക്കരിപ്പൂര്‍ പഞ്ചായത്തിന് ചിര പുരാതനമായ സാംസ്കാരിക പൈതൃകമുണ്ട്. ഒരു കാലത്ത് എന്തിനും തന്നെ പരമാധികാരമുള്ള താഴക്കാട്ട് മനക്കാരുടെയും ഉടുമ്പുന്തല നാലുപുരപ്പാട്ടില്‍ തറവാട്ടുകാരുടെയും കൈവശമായിരുന്നു ഇവിടുത്തെ ഭൂരിഭാഗവും ഭൂമിയും. താഴക്കാട്ട് മനയിലെ വലിയ കാരണവരായ വാസുദേവന്‍ വലിയ തിരുമുല്‍പ്പാടിന്റെ ഭരണകാലം ശ്രദ്ധേയമായിരുന്നു. ഈ കാലത്തുതന്നെയാണ് താഴക്കാട്ടു മനയുടെ നേതൃത്വത്തില്‍ കഥകളിയോഗത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. തൃക്കരിപ്പൂര്‍ പഞ്ചായത്തിന്റെ വികസന ചരിത്രത്തില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി.പി.മുഹമ്മദ്കുഞ്ഞി പട്ടേലരുടെ സ്ഥാനം പ്രശംസനീയമാണ്. 

No comments: